14 lines
12 KiB
Plaintext
14 lines
12 KiB
Plaintext
|
അറിവു് അധികാരമാണു്. എന്നാല്‍ എല്ലാ അധികാരങ്ങളേയും പോലെ മറ്റാര്‍ക്കും കൊടുക്കാതെ സ്വന്തമാക്കി വയ്ക്കുന്നവരുണ്ടു്. നൂറ്റാണ്ടുകളായി പുസ്തകങ്ങളിലൂടേയും മറ്റു് പത്രികകളിലൂടെയും പ്രസിദ്ധീകരിച്ച ലോകത്തിലെ എല്ലാ ശാസ്ത്രീയ സാംസ്കാരിക പാരമ്പര്യങ്ങളും ഒരു കൂട്ടം സ്വകാര്യ കോര്‍പ്പറേറ്റുകള്‍ ഡിജിറ്റല്‍ രൂപത്തിലാക്കി അടച്ചുപൂട്ടി വച്ചുകൊണ്ടിരിയ്ക്കുകയാണു്. ശാസ്ത്രങ്ങളുടെ ഏറ്റവും പ്രസിദ്ധങ്ങളായ ഫലങ്ങളുള്ള പ്രസിദ്ധീകരണങ്ങള്‍ വായിയ്ക്കാനാഗ്രഹിയ്ക്കുന്നോ? റീഡ് എല്‍സെവിയര്‍ പോലത്തെ പ്രസാധകര്‍ക്കു് നിങ്ങള്‍ വലിയ തുക അയച്ചുകൊടുക്കേണ്ടി വരും.
|
|||
|
ഇതിനു് ഒരു മാറ്റം വരുത്താന്‍ പലരും ശ്രമിക്കുന്നുണ്ട്. ശാസ്ട്രജഞന്മാര്‍ പകര്‍പ്പവകാശം ഒപ്പിട്ടു കൊടുക്കാതെ ഇരിക്കുവാനും പകരം അവരുടെ രചനകള്‍ ആര്‍ക്കും ലഭ്യമാവുമെന്ന നിബന്ധനകളോടെ ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിക്കപ്പെടുവാനും സ്വതന്ത്ര ലഭ്യതാ പ്രസ്ഥാനം ധീരതയോടെ പോരാടിയിട്ടുണ്ട്. പക്ഷെ ഉത്തമ സാഹചര്യങ്ങളില്‍ പോലും, ഇതു് ഭാവിയില്‍ പ്രസിദ്ധീകരിക്കപ്പെടുന്നവയ്ക്കേ ബാധകമാവുകയുള്ളൂ. അതുവരെയുള്ള എല്ലാം അപ്പോഴേക്കും നമുക്കു് നഷ്ടപെട്ടിരിക്കും.
|
|||
|
അതു് വളരെ ഉയര്‍ന്ന തുകയാണ്. അക്കാദമിക്കുകളെ അവരുടെ സഹപ്രവര്‍ത്തകരുടെ രചനകള്‍ വായിക്കുന്നതിനായി പണം നല്‍കാന്‍ നിര്‍ബന്ധിക്കുകയോ? ലൈബ്രറികളിലുള്ള സകലതും സ്കാന്‍ ചെയ്യുകയും പക്ഷേ ഗൂഗിളുമായി ബന്ധപ്പെട്ടവരെ മാത്രം അവ വായിക്കാനനുവദിക്കുകയും ചെയ്യുകയോ? ശാസ്ത്രലേഖനങ്ങള്‍ ഒന്നാം ലോകരാഷ്ട്രങ്ങളിലെ വരേണ്യ സര്‍വ്വകലാശാലകളിലുള്ളവര്‍ക്കു് മാത്രം ലഭ്യമാക്കുകയും വികസ്വര രാജ്യങ്ങളിലുള്ള കുട്ടികള്‍ക്കു് കിട്ടാതാക്കുകയും ചെയ്യുകയോ? തീര്‍ച്ചയായും ഇതു് അക്രമവും അസ്വീകാര്യവുമാണു്.
|
|||
|
“ഞാന്‍ സമ്മതിക്കുന്നു” എന്നു പലരും പറയും, “പക്ഷെ നമുക്കെന്തു് ചെയ്യാനാകും? പകര്‍പ്പവകാശം കമ്പനികളുടെ കയ്യിലാണു്, അവര്‍ അവ ലഭ്യമാക്കുന്നതിനു് പണം ഈടാക്കുന്നതിലൂടെ ഭീമമായ തുകകള്‍ സമ്പാദിക്കുന്നു, അതാണെങ്കില്‍ സമ്പൂര്‍ണമായും നിയമ വിധേയവുമാണു് – അവരെ തടയാന്‍ നമുക്കൊന്നും ചെയ്യാനും കഴിയില്ല.” പക്ഷേ നമുക്കു് സാധിക്കുന്ന ചിലതുണ്ടു്, നമ്മള്‍ ചെയ്തു കൊണ്ടിരിക്കുന്ന ചിലതു്: നമുക്കു് തിരിച്ചു് പൊരുതാം.
|
|||
|
ഈ വിഭവശേഖരങ്ങള്‍ ലഭ്യമായവര്‍ – വിദ്യാര്‍ത്ഥികള്‍, ഗ്രന്ഥശാലാധികാരികള്‍, ശാസ്ത്രജ്ഞര്‍ – നിങ്ങള്‍ക്കെല്ലാം ഒരു വിശേഷാനുകൂല്യം കിട്ടിയിട്ടുണ്ടു്. ലോകത്തിന്റെ ശേഷിച്ച ഭാഗങ്ങള്‍ അടച്ചുപൂട്ടപ്പെടുമ്പോഴും ഈ വിജ്ഞാനവിരുന്നു് നിങ്ങള്‍ക്കു് പോഷിപ്പിക്കാം. പക്ഷേ നിങ്ങള്‍ ഈ വിശേഷാനുകൂല്യം സ്വന്തമാക്കി സൂക്ഷിച്ചു വയ്ക്കേണ്ടതില്ല – ധാര്‍മ്മികമായി, തീര്‍ച്ചയായും നിങ്ങള്‍ക്കതിനു് സാധിക്കില്ല. നിങ്ങള്‍ക്കു് അതു് ലോകത്തോടു് പങ്കു വയ്ക്കേണ്ട ചുമതലയുണ്ടു്. നിങ്ങള്‍ സഹപ്രവര്‍ത്തകരുമായി പാസ്‌വേര്‍ഡുകള്‍ (അടയാളവാക്കുകള്‍?) കൈമാറേണ്ടതും, സുഹൃത്തുക്കള്‍ക്കു വേണ്ടി ഡൌണ്‍ലോഡ് അപേക്ഷകള്‍ പൂരിപ്പിക്കേണ്ടതുമുണ്ടു്.
|
|||
|
അതിനിടെ, പ്രവേശിക്കപ്പെടാതെ മാറ്റിനിരത്തപ്പെട്ടവര്‍ നിഷ്ക്രിയരായിരുന്നില്ല. അവര്‍ ദ്വാരങ്ങളിലൂടെ ഇഴഞ്ഞും വേലികള്‍ കടന്നും പ്രസാദകര്‍ പൂട്ടിവച്ച വിവരങ്ങള്‍ സ്വതന്ത്രമാക്കി സുഹൃത്തുക്കളുമായി പങ്കുവെച്ചുകൊണ്ടിരിക്കുന്നു.
|
|||
|
പക്ഷേ ഈ പ്രവൃത്തികളെല്ലാം പുറത്തറിയാതെയാണു് നടക്കുന്നതു്. അറിവിന്റെ സമ്പത്തു് പങ്കുവെയ്ക്കുന്നതു് കപ്പലുകളെ ആക്രമിച്ചു് കൊള്ളയടിക്കുന്നതിനും അതിലെ യാത്രക്കാരെ കൊല ചെയ്യുന്നതിനും തുല്ല്യമാണെന്ന മട്ടില്‍ കൊള്ളയെന്നോ പൈറസിയെന്നോ ഒക്കെയാണു് ഇതിനെ വിളിക്കുന്നതു്. പക്ഷേ പങ്കുവെയ്ക്കുന്നതു് അധാര്‍മ്മികമല്ല – ധാര്‍മ്മികമായ കടമയാണു്. അത്യാഗ്രഹം കൊണ്ടു് അന്ധരായവര്‍ മാത്രമേ ഒരു സഹൃത്തിനുൊരു പകര്‍പ്പു് കൊടുക്കാതിരിക്കുകയുള്ളൂ.
|
|||
|
വലിയ കമ്പനികള്‍ അത്യാര്‍ത്തി കൊണ്ടുള്ള അന്ധതയിലാണു്. അവര്‍ പ്രവര്‍ത്തിക്കുന്ന നിയമങ്ങള്‍ അവരെ അതിനു് നിര്‍ബന്ധിക്കുന്നു – അവരുടെ ഓഹരിയുടമകള്‍ അതില്‍കുറഞ്ഞതൊന്നും സ്വീകരിക്കുകയില്ല. അവര്‍ പണം കൊടുത്തു് വാങ്ങിയ രാഷ്ട്രീയക്കാര്‍ ആര്‍ക്കൊക്കെ പകര്‍പ്പെടുക്കാമെന്നു് തീരുമാനിക്കാനുള്ള പരമാധികാരം അവര്‍ക്കു് നല്‍കുന്ന നിയമങ്ങളുണ്ടാക്കിയിട്ടുണ്ടു്.
|
|||
|
അന്യായമായ നിയമങ്ങള്‍ പാലിക്കുന്നതില്‍ ഒരു നീതിയും ഇല്ല. പുറത്തേക്ക് വരാന്‍ സമയാമായി; നിസ്സഹകരണത്തിന്റെ മഹത്തായ പാരമ്പര്യത്തെ പിന്തുടര്‍ന്ന്, നമ്മുക്ക് പൊതു സംസ്കാരത്തിന്‍റെ സ്വകാര്യ പൂഴ്ത്തിവയ്പ്പിനെതിരെ എതിരേ പ്രതിഷേധം രേഖപ്പെടുത്താം.
|
|||
|
വിവരം എവിടെ സൂക്ഷിച്ചിട്ടുണ്ടെങ്കിലും നമ്മള്‍ അവ എടുക്കണം, നമ്മുടെ പകര്‍പ്പുകള്‍ ഉണ്ടാക്കുകയും എല്ലാവര്‍ക്കുമായി പങ്കുവെയ്ക്കുകയും വേണം. പകര്‍പ്പവകാശ കാലാവധി കഴിഞ്ഞ വസ്തുക്കള്‍ നമ്മള്‍ എടുത്തു് നമ്മുടെ പൊതുശേഖരത്തില്‍ ചേര്‍ക്കണം. രഹസ്യ വിവരശേഖരങ്ങള്‍ വാങ്ങി വെബ് വഴി ലഭ്യമാക്കണം. ശാസ്ത്ര പ്രസിദ്ധീകരണങ്ങള്‍ ഡൌണ്‍ലോഡ് ചെയ്ത് ഫയല്‍ ഷെയറിങ്ങ് സൈറ്റുകളില്‍ ലഭ്യമാക്കണം. നമ്മളെല്ലാവരും സ്വതന്ത്ര വിവരത്തിനായി ഒളിപ്പോരിനിറങ്ങണം.
|
|||
|
ലോകമെമ്പാടുമുള്ള നമ്മളോരോരുത്തരും ഇതിനിറങ്ങിയാല്‍ അറിവിന്റെ കുത്തകവത്കരണത്തിനിറങ്ങുന്നവര്‍ക്കെതിരെ ശക്തമായൊരു സന്ദേശം മാത്രമല്ല – നമ്മളതു് കഴിഞ്ഞുപോയ കാലത്തെ സംഭവമാക്കും. നിങ്ങള്‍ ഞങ്ങളോടൊപ്പം ചേരുമോ?
|
|||
|
ആരണ്‍ സ്വാര്‍ട്ട്സ്
|
|||
|
ജൂലൈ 2008, എറീമോ, ഇറ്റലി
|